കൂട്ടിക്കല്‍: വിദേശ രാജ്യങ്ങളിൽ വീസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് നിരവധി ആളുകളിൽനിന്നു കോടികൾ തട്ടിയ സംഭവത്തിൽ ഏജന്റ് ഒളിവിൽ. കൂട്ടിക്കല്‍ എസ്ബിഐ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മറാണ് ഒളിവിലായിരിക്കുന്നത്. നിരവധി ആളുകളുടെ പരാതികളെ തുടര്‍ന്ന് പോലീസ് ട്രാവല്‍ ഏജന്‍സി അടച്ചുപൂട്ടി.
മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു വിസ വാഗ്ദാനം നല്കിയിരുന്നതെങ്കില് ഇപ്പോള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയിരുന്നത്. പലരിൽനിന്നായി നാലു ലക്ഷം മുതല്‍ 15ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കറുകച്ചാല്‍, ചങ്ങനാശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വിദേശ ജോലി മോഹിച്ച് വീടും സ്ഥലവും വിറ്റും പണയപ്പെടുത്തിയും പണം നൽകിയവരും ഈ കൂട്ടത്തിലുണ്ട്.
തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധി ആളുകളാണ് കൂട്ടിക്കൽ ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സി ഓഫീസ് അന്വേഷിച്ച് എത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും പല പൊതുപരിപാടികളുടെയും പ്രധാന സ്പോൺസറായും പ്രവർത്തിച്ചിരുന്നതുകൊണ്ടുതന്നെ ആളുകൾ ഇയാളെ അവിശ്വസിച്ചതുമില്ല.
കുറച്ച് ദിവസങ്ങളായി ഓഫീസ് പ്രവർത്തിക്കാതെ വന്നതോടെയാണ് പരാതിയുമായി ആളുകൾ രംഗത്തെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്തുവരാനുള്ള സാധ്യതയുണ്ടെന്നും പറയുന്നു. വിവിധ സ്റ്റേഷനുകളിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടന്നാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി വെളിവാകുകയുള്ളൂ.